നാലപ്പാടന്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ ഈ വര്‍ഷത്തെ നാലപ്പാടന്‍ സ്മാരക പുരസ്‌കാരത്തിന് നേവലിസ്റ്റ് സി രാധാകൃഷ്ണന്‍ അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ.എം ലീലാവതി, ഡോ സുവര്‍ണ്ണ നാലപ്പാട് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. നാലപ്പാടന്‍ ജന്മദിനമായ ഒക്ടോബര്‍ 8ന് രാവിലെ 9.30ന് നാലപ്പാട്ട് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സമ്മാനിക്കും.
നോവലിസ്റ്റ് , ചെറുകഥാകൃത്ത് പത്രപ്രവര്‍ത്തകന്‍ എ്ന്നീ നിലകളില്‍ പ്രശസ്തനായ സി രാധാകൃഷ്ണന്‍ 1939 ഫെബ്രുവരി 15നു തിരൂരില്‍ ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചക്കുപുരയില്‍ രാധാകൃഷ്ണന്‍ എന്നാണ് മുഴുവന്‍ പേര്. മലയാളത്തില്‍ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരന്‍ എന്ന നിലയില്‍ സി.രാധാകൃഷ്ണന്‍ സജീവമാകുന്നത്. അക്കാലത്തെ സാഹിത്യത്തില്‍ പ്രകടമായിരുന്ന ദാര്‍ശനികദുരൂഹത തന്റെ എഴുത്തില്‍ ബോധപൂര്‍വ്വം ഇദ്ദേഹം ഒഴിച്ചു നിര്‍ത്തി. ഇദ്ദേഹത്തിന്റെ കൃതികളില്‍ വള്ളുവനാടന്‍ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്.
കണ്ണിമാങ്ങകള്‍, അഗ്‌നി എന്നീ ആദ്യകാല നോവലുകള്‍ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍ എന്നീ നോവലുകള്‍ക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകള്‍ ഈ വിഭാഗത്തില്‍ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടല്‍ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.
മൂര്‍ത്തീദേവി പുരസ്‌കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, മഹാകവി ജി. പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
The post നാലപ്പാടന്‍ പുരസ്‌കാരം സി രാധാകൃഷ്ണന് appeared first on DC Books.