അനന്യമായ കാവ്യഭാഷയിലൂടെ സര്‍ഗവിസ്മയം തീര്‍ത്ത് മലയാളിയുടെ ഭാവുകത്വത്തിന് പുതുവിതാനം നല്‍കിയ സിദ്ധപ്രതിഭയായ ദാര്‍ശനിക കഥകാരിയാണ് ലതാലക്ഷ്മിയെന്ന് സി വി രാമന്‍ പിള്ള നോവല്‍ പുരസ്‌കാര വിധിനിർണയ സമിതി. സിവി ഫൗണ്ടേഷനും സിവി സാഹിത്യവേദിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രഥമ സി വി രാമന്‍ പിള്ള നോവല്‍ പുരസ്‌കാരം ലതാലക്ഷ്മിയുടെ ‘തിരുമുഗള്‍ബീഗം’ എന്ന നോവലിനായിരുന്നു. വി മധുസൂദനന്‍ നായര്‍, പി വത്സല, ആഷ മേനോൻ എന്നിവർ അടങ്ങുന്നതായിരുന്നു വിധിനിർണയ സമിതി.
അനന്യമായ കാവ്യഭാഷയിലൂടെ സര്‍ഗവിസ്മയം തീര്‍ത്ത് മലയാളിയുടെ ഭാവുകത്വത്തിന് പുതുവിതാനം നല്‍കിയ സിദ്ധപ്രതിഭയായ ദാര്‍ശനിക കഥകാരിയാണ് ലതാലക്ഷ്മി. ശില്‍പവൈചിത്ര്യവും ഭാവനാമാത്രികതയും പ്രമേയനൂതനത്വവും കൊണ്ട് പതിരറ്റ കൃതികളാണ് അവര്‍ ഇരുപത് വര്‍ഷങ്ങളായി മലയാളത്തിന് നല്‍കികൊണ്ടിരിക്കുന്നത്. വാക്കിന്റെ വിരാട്പുരുഷനായ സി.വി. രാമന്‍പിള്ളയുടെ ഏതോ ഒരാവേശം വാഗ് വരം പൈതൃകമായ ലതാലക്ഷ്മിക്കുണ്ടെന്ന് അവരുടെ കഥനശൈലി പറയാതെ പറയുന്നു”- വിധിനിർണയ സമിതി പറഞ്ഞു.
പുരസ്‌കാരം ഓഗസ്റ്റ് ഒന്നിന് മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ സമ്മാനിക്കും. പ്രശസ്ത സിത്താര്‍ വാദകനായ പണ്ഡിറ്റ് രവിശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണ് തിരുമുഗള്‍ബീഗം’. ദാമ്പത്യജീവിതവും കലാജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇതിലെ പ്രമേയം. 2014-ലാണ് ഈ കൃതി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. 2014-ലെ ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നോവല്‍ കൂടിയാണ് ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗം.