ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും സാഹിത്യകാരനുമായിരുന്ന പത്മരാജന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള സിനിമാ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള നോവലിനുള്ള പ്രഥമ പത്മരാജൻ അവാർഡ് ഉൾപ്പടെയുള്ള അവാർഡുകളാണ് പ്രഖ്യാപിച്ചത്.
‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി മധു സി നാരായണന്‍ പത്മരാജന്‍ സാഹിത്യ-ചലച്ചിത്ര പുരസ്‌കാരത്തിന് അർഹനായി. 25000 രൂപയും, ശില്പവും, പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ നോവലുകള്‍ക്കുള്ള പ്രഥമ പുരസ്‌കാരം സുഭാഷ് ചന്ദ്രന്റെ ‘സമുദ്ര ശില’ എന്ന നോവലിനാണ്. ഇരുപതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മികച്ച ചെറുകഥക്ക് സാറാ ജോസഫിന്‍റെ ‘നി’ എന്ന കഥ അര്‍ഹമായി. 15,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് ലഭിക്കുക.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സജിന്‍ ബാബു നേടി. ബിരിയാണി എന്ന സിനിമയുടെ തിരക്കഥയ്ക്കാണ് അവാര്‍ഡ് തേടിയെത്തിയത്. ഉയരെ എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കളായ ബോബി, സഞ്ജയ് എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം.
പത്മരാജന്‍ അനുസ്മരണ ട്രസ്റ്റാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. സംവിധായകന്‍ ശ്യാമപ്രസാദ് ചെയര്‍മാനായ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. ജലജ, വിജയകൃഷ്ണന്‍ എന്നിവരും സമിതി അംഗങ്ങളാണ്. പത്മരാജന്റെ എഴുപത്തിയഞ്ചാം ജന്മവാര്‍ഷിക ദിനമായ മെയ് 23 നാണ് പുരസ്‌കാര ദാനം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഇത് മാറ്റിയതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സെക്രട്ടറി പ്രദീപ് പനങ്ങാട്, ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ബൈജു ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.