ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2019-ലെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പെരുമാള്‍ മുരുകന്റെ Trial By Silence, A Lonely Harvest ,റോഷന്‍ അലിയുടെ Ib’s Endless Search For Satisfaction, മനോരഞ്ജന്‍ ബ്യാപാരിയുടെ There’s Gunpowder In The Air, ഹന്‍സ്ഡ സൗവോന്ദ്ര ശേഖറിന്റെ My Father’s Garden, മാധുരി വിജയ്‌യുടെ The Far Field എന്നീ കൃതികളാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. വരുന്ന നവംബര്‍ രണ്ടിന് പുരസ്കാരം പ്രഖ്യാപിക്കും.
ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പൂര്‍ണ്ണമായും ഇന്ത്യന്‍ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 2018-ലെ പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബെന്യാമിന്റെ ജാസ്മിന്‍ ഡെയ്‌സ് എന്ന കൃതിക്കായിരുന്നു. ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകള്‍ എന്ന മലയാളനോവല്‍ ജാസ്മിന്‍ ഡെയ്‌സ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഷഹനാസ് ഹബീബായിരുന്നു.
ഇന്ത്യാക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി കെ.ആര്‍ മീര, നോവലിസ്റ്റും നിരൂപകയുമായ അന്‍ജും ഹസന്‍, എഴുത്തുകാരി പാര്‍വ്വതി ശര്‍മ്മ, മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, സിനിമാസംവിധായകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ പ്രദീപ് കൃഷന്‍ എന്നിവരാണ് 2019-ലെ അവാര്‍ഡ് നിര്‍ണ്ണയസമിതി അംഗങ്ങള്‍.