കൊച്ചി: വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സമ്മാനിക്കുന്ന ബഷീര്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നോവല്‍ വിഭാഗത്തില്‍ വി.എം ദേവദാസിന്റെ ചെപ്പും പന്തും എന്ന കൃതിയും ചെറുകഥാവിഭാഗത്തില്‍ പി.എഫ് മാത്യൂസിന്റെ പതിമൂന്ന് കടല്‍കാക്കകളുടെ ഉപമയും കവിതകളുടെ വിഭാഗത്തില്‍ അസീം താന്നിമൂടിന്റെ കാണാതായ വാക്കുകളും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി.
ജി. മധുസൂദനന്റെ നഷ്ടമാകുന്ന നമ്മുടെ ഭൂമി നിരൂപണ വിഭാഗത്തിലും മാധ്യമ വിഭാഗത്തില്‍ നെല്ലിക്കുത്ത് ഹനീഫയുടെ (കേരളശബ്ദം) പെരുകുന്ന പോക്‌സോ കേസുകള്‍ എന്ന ലേഖനവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികദിനമായ ജൂലൈ അഞ്ചിന് കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പഠനകേന്ദ്രം ട്രസ്റ്റ് ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. മലയാളപഠനകേന്ദ്രം വൈസ് ചെയര്‍മാന്‍ സി.രാധാകൃഷ്ണന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി.