പാലക്കാട്: മണ്‍മറഞ്ഞ സാഹിത്യകാരന്‍ ഒ.വി വിജയന്റെ സ്മരണാര്‍ത്ഥം മലയാളത്തിലെ മികച്ച രചനകള്‍ക്ക് സമ്മാനിക്കുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തിലുള്ള പുരസ്‌കാരത്തിന് വി.ജെ. ജയിംസിന്റെ ആന്റിക്ലോക്ക് എന്ന നോവലും ചെറുകഥക്ക് അയ്മനം ജോണിന്റെ അയ്മനം ജോണിന്റെ കഥകള്‍ എന്ന കൃതിയും പുരസ്‌കാരത്തിന് അര്‍ഹമായി. യുവകഥാ പുരസ്‌കാരം ആര്‍. പ്രഗില്‍നാഥിന്റെ പെണ്‍ചിലന്തി എന്ന കഥയ്ക്കാണ്. ഒ.വി വിജയന്‍ സ്മാരക സമിതിയാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആഷാ മേനോന്‍ (ചെയര്‍മാന്‍), ഡോ.സി.പി ചിത്രഭാനു, രഘുനാഥന്‍ പറളി, കെ പി രമേഷ് എന്നിവരടങ്ങിയ സമിതിയാണ് നോവല്‍ പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ഇ പി രാജഗോപാലന്‍ (ചെയര്‍മാന്‍), ടി കെ ശങ്കരനാരായണന്‍, രാജേഷ് മേനോന്‍, ഡോ. സി ഗണേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി ചെറുകഥാ പുരസ്‌കാരവും ഡോ. പി. ആര്‍. ജയശീലന്‍ (ചെയര്‍മാന്‍), മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, രാജേഷ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന സമിതി യുവകഥാ പുരസ്‌കാര ജേതാവിനെയും തെരഞ്ഞെടുത്തു.
ജൂണ്‍ 29-ാം തീയതി രാവിലെ 10.30 മണിക്ക് തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തില്‍ നടക്കുന്ന കെട്ടിട സമുച്ചയ ഉദ്ഘാടന വേളയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.