ദില്ലി: വിവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത നിരൂപകയും അധ്യാപികയുമായ ഡോ.എം.ലീലാവതിക്ക്. ‘ശ്രീമദ് വാത്മീകി രാമായണം‘ സംസ്‌കൃതത്തില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനാണ് അംഗീകാരം. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡി.സി ബുക്സാണ് ശ്രീമദ് വാത്മീകി രാമായണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തസ്‌കരന്‍-മണിയന്‍പിള്ളയുടെ ആത്മകഥ എന്ന കൃതി തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത കുളച്ചല്‍ മുഹമ്മദ് യൂസഫും പുരസ്‌കാരം നേടി. തിരുടന്‍ മണിയന്‍പിള്ള എന്ന പേരിലാണ് തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്ത നോവല്‍ ചെമ്മീന്‍ രാജസ്ഥാനി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത മനോജ് കുമാര്‍ സ്വാമിക്കും പുരസ്‌കാരം ലഭിച്ചു. നാ ബാര്‍ ജാല്‍ എന്നാണ് പുസ്തകത്തിന്റെ പേര്. ഒ.എന്‍.വി കുറുപ്പിന്റെ ഈ പുരാതന കിന്നരം എന്ന കാവ്യസമാഹാരം യോ പ്രാചീന്‍ വീണ എന്ന പേരില്‍ നേപ്പാളിയിലേക്ക് വിവര്‍ത്തനം ചെയ്ത മോണിക്ക മുഖിയ മികച്ച നേപ്പാളി വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം നേടി.
തമിഴില്‍ പലരെഴുതിയ കഥകളുടെ സമാഹാരം പരിഭാഷപ്പെടുത്തിയ ശുഭശ്രീ കൃഷ്ണസ്വാമിക്കാണ് ഇംഗ്ലീഷ് വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം. 2012-2016 കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച വിവര്‍ത്തന ഗ്രന്ഥങ്ങളാണു പുരസ്‌കാരത്തിനു പരിഗണിച്ചത്. പുരസ്‌കാരങ്ങള്‍ ഈ വര്‍ഷം അവസാനം സമ്മാനിക്കും.