2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കവിതാവിഭാഗത്തില്‍ വീരാന്‍കുട്ടിയുടെ മിണ്ടാപ്രാണിയും നോവല്‍ വിഭാഗത്തില്‍ വി.ജെ.ജെയിംസ് രചിച്ച നിരീശ്വരനും ചെറുകഥാവിഭാഗത്തില്‍ അയ്മനം ജോണിന്റെ ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകം എന്ന കൃതിയും പുരസ്‌കാരത്തിനര്‍ഹമായി. എസ്.വി വേണുഗോപാലന്‍ നായര്‍ രചിച്ച സ്വദേശാഭിമാനിയാണ് മികച്ച നാടകകൃതി.
സാഹിത്യവിമര്‍ശനവിഭാഗത്തില്‍ കല്‍പ്പറ്റ നാരായണന്റെ കവിതയുടെ ജീവചരിത്രം, വൈജ്ഞാനിക സാഹിത്യത്തില്‍ എന്‍.കെ.ജെ. നായരുടെ നദീവിജ്ഞാനീയം, ജീവചരിത്രം/ ആത്മകഥാ വിഭാഗത്തില്‍ ജയചന്ദ്രന്‍ മൊകേരി എഴുതിയ തക്കിജ്ജ എന്റെ ജയില്‍ജീവിതം, യാത്രാവിവരണ വിഭാഗത്തില്‍ സി.വി ബാലകൃഷ്ണന്റെ ഏതേതോ സരണികളില്‍ എന്ന കൃതി, വിവര്‍ത്തനത്തിന് രമാ മേനോന്‍ തര്‍ജ്ജമ ചെയ്ത പര്‍വ്വതങ്ങളും മാറ്റൊലി കൊള്ളുന്നു, ബാലസാഹിത്യത്തിന് വി.ആര്‍ സുധീഷിന്റെ കുറുക്കന്‍ മാഷിന്റെ സ്‌കൂള്‍ എന്നിവയും അര്‍ഹമായി. ഹാസ്യസാഹിത്യ വിഭാഗത്തില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ എഴുത്തനുകരണം അനുരണനങ്ങളും എന്ന കൃതിക്കാണ് പുരസ്‌കാരം. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരമായി ഇവര്‍ക്ക് നല്‍കുന്നത്.
ഇതൊടൊപ്പം 2017-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്രസംഭാവന പുരസ്‌കാരവും പ്രഖ്യാപിച്ചു. ചരിത്രകാരനായ ഡോ.കെ.എന്‍.പണിക്കര്‍, കവി ആറ്റൂര്‍ രവിവര്‍മ്മ എന്നിവര്‍ക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് ഇരുവര്‍ക്കും പുരസ്‌കാരമായി ലഭിക്കുന്നത്.
പഴവിള രമേശന്‍, എം.പി പരമേശ്വരന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ. കെ.ജി പൗലോസ്, കെ. അജിത, സി.എല്‍ ജോസ് എന്നിവര്‍ക്കാണ് സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍
ഐ.സി ചാക്കോ അവാര്‍ഡ്- പി.പവിത്രന്‍ (ഭാഷാശാസ്ത്രം,വ്യാകരണം-മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം), സി.ബി കുമാര്‍ അവാര്‍ഡ്- മുരളി തുമ്മാരുകുടി (ഉപന്യാസം-കാഴ്ചപ്പാടുകള്‍) കെ.ആര്‍ നമ്പൂതിരി അവാര്‍ഡ്- പി.കെ.ശ്രീധരന്‍ (വൈദികസാഹിത്യം-അദ്വൈതശിഖരം തേടി), കനകശ്രീ അവാര്‍ഡ്- എസ്.കലേഷ് (കവിത-ശബ്ദമഹാസമുദ്രം), ഗീത ഹിരണ്യന്‍ അവാര്‍ഡ്- അബിന്‍ ജോസഫ് (ചെറുകഥ-കല്യാശ്ശേരി തീസിസ്), ജി.എന്‍ പിള്ള അവാര്‍ഡ്- ഡോ.പി.സോമന്‍ (വൈജ്ഞാനിക സാഹിത്യം-മാര്‍ക്‌സിസം ലൈംഗികത സ്ത്രീപക്ഷം), ശീതള്‍ രാജഗോപാല്‍ (തുഞ്ചന്‍ സ്മാരക പ്രബന്ധമല്‍സരം).