തിരുവനന്തപുരം: വള്ളത്തോള്‍ സാഹിത്യസമിതിയുടെ ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം എഴുത്തുകാരന്‍ എം.മുകുന്ദന്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 1,11,111 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 16-ന് തിരുവനന്തപുരം തീര്‍ത്ഥപാദ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് വള്ളത്തോള്‍ സാഹിത്യ സമിതി അധ്യക്ഷന്‍ ആര്‍. രാമചന്ദ്രന്‍ നായര്‍ അറിയിച്ചു. തുളസീദാസ രാമായണത്തെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പ്രൊഫ. സി ജി. രാജഗോപാലിന് 25,000 രൂപയുടെ പ്രത്യേക പുരസ്‌കാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ആര്‍.രാമചന്ദ്രന്‍ നായര്‍, പി.നാരായണക്കുറുപ്പ്, പ്രഭാ വര്‍മ്മ, എ.എം ഉണ്ണികൃഷ്ണന്‍, നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. എം.മുകുന്ദന്റെ രചനകള്‍ മലയാളികളുടെ സാഹിത്യാഭിരുചിയെ ഏറെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് നോവലായ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മൂന്നു പതിറ്റാണ്ടു കാലത്തെ ഏറ്റവും മികച്ച സാഹിത്യസൃഷ്ടികളിലൊന്നാണെന്നും സമിതി അംഗങ്ങള്‍ വിലയിരുത്തി. പുരസ്‌കാര ദാന ചടങ്ങിനോട് അനുബന്ധിച്ച് എം.മുകുന്ദന്റെ രചനകളെക്കുറിച്ചുള്ള സെമിനാറും അന്നേ ദിവസം സംഘടിപ്പിച്ചിട്ടുണ്ട്.