Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

വി.കെ. ശ്രീരാമന് മണലൂര്‍ യുവജനസമിതി പൊതുവായനശാലയുടെ ആദ്യ പുരസ്‌കാരം

$
0
0

 

മണലൂര്‍ യുവജനസമിതി പൊതുവായനശാല നാട്ടുണര്‍വ് 2018 എന്ന പേരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി വി. കുഞ്ഞാവുണ്ണികൈമളുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം എഴുത്തുകാരനും നടനും സാംസ്‌കാരികപ്രവര്‍ത്തകനുമായ വി. കെ. ശ്രീരാമന്റെ വേറിട്ട കാഴ്ചകള്‍ എന്ന പുസ്തകത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും നോവലിസ്റ്റും ശില്‍പിയുമായ മനോഹരം വി. പേരകം രൂപപ്പെടുത്തിയ ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

കവി പി.എന്‍ ഗോപീകൃഷ്ണന്‍, വി.ഡി പ്രേംപ്രസാദ്, എ. രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ജീവിതത്തെയും ദേശീയതയെയും എല്ലാം ഏകാത്മകമായി നിര്‍വചിക്കുന്ന വര്‍ത്തമാനകാലത്തു ബദല്‍ ജീവിതങ്ങളെയും പാര്‍ശ്വ ജീവിതങ്ങളിലെ സര്‍ഗാത്മകതയെയും ദൃശ്യ മാധ്യമത്തിലൂടെയും എഴുത്തിലൂടെയും അടയാളപ്പെടുത്താനുള്ള വി കെ ശ്രീരാമന്റെ ശ്രമങ്ങളെ ജൂറി പ്രത്യേകം വിലയിരുത്തി. പുരസ്‌കാരം 2018 സെപ്റ്റംബര്‍ 30ന് തൃശ്ശൂര്‍ സാഹിത്യ അക്കാഡമിയില്‍ വച്ച് സമ്മാനിക്കും.

35 വര്‍ഷക്കാലം വായനശാലയുടെ ലൈബ്രേറിയനും അധ്യാപകനുമായിരുന്ന എ. പരമേശ്വരമേനോന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് ഫ്രീലാന്റ്‌സ് ഫോട്ടോഗ്രാഫറായ ടി.വി. അശോകന് ലഭിച്ചു. 5000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

1935 ഡിസംബറില്‍ സ്ഥാപിച്ചതാണ് മണലൂര്‍ യുവജന സമിതി പൊതു വായനശാല. ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു ഈ വായനശാലയും. ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്ന വെള്ളൂര്‍ കുഞ്ഞാവുണ്ണി കൈമള്‍ ആയിരുന്നു വായനശാലയുടെ സ്ഥാപകരില്‍ പ്രധാനി.

 


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>