അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ രണ്ടാമത് കക്കട്ടില്‍ പുരസ്‌കാരത്തിന് ടി ഡി രാമകൃഷ്ണന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസകാരം.
പെരുമ്പടവം ശ്രീധരന്‍, ആഷാമേനോന്‍, വി.രാജകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിനായി കൃതി തെരഞ്ഞെടുത്തത്. അക്ബര്‍ കക്കട്ടിലിന്റെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 17ന് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്‌നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. ഈ കൃതിയിലൂടെ ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുകയായിരുന്നു നോവലിസ്റ്റ്. മാത്രവുമല്ല, ശ്രീലങ്കന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ നോവല്‍ വിപ്ലവവും സമാധാനവും വികസനവും എന്നൊക്കെ പറഞ്ഞ് കബളിപ്പിക്കാനെത്തുന്ന ഫാസിസത്തിന് മുന്നില്‍ നിസ്സഹായരായ ജനതയുടെ ആവിഷ്‌കാരവും കൂടിയായിരുന്നു.
2017 ലെ വയലാര്‍ അവാര്‍ഡ് ഈ കൃതിക്കായിരുന്നു.