ജന്മഭൂമിയുടെ പ്രഥമ ലെജന്‍ഡ് ഓഫ് കേരള പുരസ്‌കാരത്തിന് മെട്രോമാന്‍ ഇ.ശ്രീധരനെയും നടന്‍ മോഹന്‍ലാലിനെയും തിരഞ്ഞെടുക്കപ്പെട്ടു. കര്‍മ്മരംഗത്ത് മാതൃകാപരമായ ഔന്നിത്യത്തിലെത്തിയ മലയാളികളെന്ന നിലയിലാണ് ഇരുവര്‍ക്കും അവാര്‍ഡ് നല്‍കുന്നതെന്ന് ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ കെ.ആര്‍.ഉമാകാന്തന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മെയ് 28ന് വൈകിട്ട് അഞ്ചിന് കോട്ടയം ബസേലിയസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ജന്മഭൂമിയുടെ പ്രഥമ സിനിമ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും. ഇതോടൊപ്പം സിനിമാ താരങ്ങള്‍, പിന്നണി ഗായകര്‍, ഹാസ്യതാരങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന മെഗാ ഷോയും ഉണ്ടായിരിക്കും.
വിവിധ മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച പുല്ലാട് അജയകുമാര്‍ (കൃഷി), ടി.വി.അനില്‍കുമാര്‍ അമ്പാടി (ഗോരക്ഷ), കെ.ജി.മന്മഥന്‍ നായര്‍ (പ്രവാസി), കെ.എന്‍.അനന്തകുമാര്‍ (സേവനം), ആശ ശരത്ത് (സ്ത്രീശാക്തീകരണം) എന്നിവര്‍ക്ക് പ്രതിഭാശ്രീ പുരസ്‌ക്കാരവും നല്‍കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.നാരായണനെ ദേശബന്ധു പുരസ്‌ക്കാരം നല്‍കി ആദരിക്കും. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മിയേയും ആദരിക്കും. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം സിനിമാ നിര്‍മാതാവ് ജി.സുരേഷ്‌കുമാറിന് സമ്മാനിക്കും.