സ്വാഭാവികതയുടെ ആസ്വാദന ശക്തിയെ കടമെടുത്ത് തിരക്കഥ തയ്യാറാക്കുന്ന എഴുത്തുകാരില്‍ ശ്യാം പുഷ്‌കരനെന്ന പേര് തലയെടുപ്പോടെ തെളിഞ്ഞുനില്‍ക്കുന്നു. അതിനുള്ള തെളിവാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രവും, അതിലൂടെ ലഭിച്ച മികച്ച തിരക്കഥാകൃത്ത് എന്ന ദേശീയ ബഹുമതിയും. കഥയ്ക്ക് അസാമാന്യമായ ആഴമില്ലെങ്കിലും പിഴക്കാതെ തിരക്കഥയെഴുതുന്ന ശൈലി. മഹേഷിന്റെ പ്രതികാരം ശ്യാം പുഷ്‌കരന്റെ രചനാ ശൈലിയുടെ ഏറ്റവും ശക്തമായ ഭാഷ്യമാണെന്നതില്‍ തര്‍ക്കമില്ല.
ആലപ്പുഴ ജില്ലയിലെ തുറവൂരിന്റെ ഗ്രാമാന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന ശ്യാമിന് തിരക്കഥ എന്നും സ്വാഭാവികാഭിനയത്തിന്റെ തലത്തിലെ കാണാനാകു. ഗ്രാമത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ന്നതുകൊണ്ടും തനിക്കേറ്റവും പരിചിതവുമായ ആളുകളെയും അവരുടെ ചലനങ്ങളെയുമാണ് അദ്ദേഹം തന്റെ സിനിമകളിലേക്ക് ആവാഹിക്കുന്നത്.. തിരക്കഥയക്കുവേണ്ടിമാത്രമാണ് കഥകള്‍ ആലോചിക്കുന്നതെന്നും തിരക്കഥയുടെ രൂപത്തിലെ അവ മനസ്സില്‍ തെളിയാറുള്ളതെന്നും ശ്യാം പറഞ്ഞിട്ടുണ്ട്. അതുപോലെ മഹേഷിന്റെ പ്രതികാരവും ഒരു സംഭവകഥയാണ്. അച്ഛന്റെ സുഹൃത്തായിരുന്ന തമ്പാന്‍ പുരുഷന്‍ എന്ന ആളുടെ ജീവിതത്തില്‍ നടന്ന കഥയാണ് മഹേഷിന്റെ പ്രതികാരത്തിലൂടെ പറഞ്ഞുപോകുന്നത്. തുറവൂരില്‍ നടന്ന സംഭവം ഇടുക്കിയിലേക്ക് മാറ്റി എന്നേയുള്ളു-ശ്യാം പറയുന്നു.
എന്തായാലും ആക്ഷന്‍ത്രില്ലുകളുടെ ബഹളമൊന്നുമില്ലതെ സാധാരണമനുഷ്യരുടെ ഇടയിലെ സംഭവങ്ങളെ മാത്രം കോര്‍ത്തിണക്കിയ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ജനങ്ങള്‍ കരഘോഷത്തോടെ ഏറ്റെടുത്ത ചിത്രത്തിന് ഇപ്പോള്‍ ദേശീയ അവാര്‍ഡും സ്വന്തമായിരിക്കുകയാണ്. അതിലൂടെ മികച്ച തിരക്കഥാ രചനയ്ക്കുള്ള പുരസ്‌കാരം ശ്യാമിനെയും തേടിയെത്തി. 2016ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്‌കാരവും ഈ ചിത്രത്തിനു ലഭിച്ചിരുന്നു.
തിരുവനന്തപുരം ഡി സി സ്മാറ്റ് മീഡിയ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികൂടിയായ ശ്യാമിന്റെ തിരക്കഥ (മഹേഷിന്റെ പ്രതികാരം ) ഉടന്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും. ഡി സി ബുക്‌സാണ് പ്രസാധകര്‍.
22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ്, ഇയ്യോബിന്റെ പുസ്തകം, റാണിപത്മിനി എന്നിവയാണ് ശ്യാമിന്റെ രചനയില്‍ വിടര്‍ന്ന മറ്റ് തിരക്കഥകള്‍.