സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ 2015ലെ സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്‌കാരത്തിന് കവയിത്രി ആര്യാഗോപി അര്‍ഹയായി. സാഹിത്യവിഭാഗത്തിലെ പുരസ്‌കാരത്തിനാണ് ആര്യഗോപിക്ക് പുരസ്‌കാരം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് അധ്യാപികകൂടിയായ ആര്യ അന്തര്‍ദേശീയ കവിതാ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവപ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് യുവപ്രതിഭാ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാഹിത്യം, മാധ്യമപ്രവര്‍ത്തനം, കാര്‍ഷികം, കലാവിഭാഗം, സാമൂഹ്യ പ്രവര്‍ത്തനം, മികച്ച ക്ലബ്ബ് തുടങ്ങിയ വിഭാഗങ്ങളായാണ് പുരസ്‌കാരം നല്‍കുന്നത്.
മാധ്യാമവിഭാഗത്തില്‍ നിലീന അത്തേളി, കായിക വിഭാഗത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ എസ്.എല്‍. നാരായണന്‍, കാര്‍ഷിക രംഗത്ത് പാലക്കാട് കണ്ണമ്പ്ര സ്വദേശി സ്വരൂപ് കെ രവീന്ദ്രന്‍ എന്നിവരും അവാര്‍ഡിനര്‍ഹരായി. കലാ വിഭാത്തില്‍ കണ്ണൂര്‍ കാനായി സ്വദേശി ഉണ്ണി കാനായി, സാമൂഹ്യ പ്രവര്‍ത്തനത്തിന് വയനാട് കല്‍പ്പറ്റ സ്വദേശി സലീം പി എം എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തലത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമായത് യൂത്ത് ക്ലബ്ബ് തൃശ്ശൂര്‍ ചേറ്റുവയിലെ എഫ്.എ.സി ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ്.
50,001 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 14 ന് തിരുവനന്തപുരം വിജെറ്റി ഹാളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങല്‍ വിതരണം ചെയ്യും.