ദേശീയതലത്തില്‍ മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ 2016ലെ അരവിന്ദന്‍ പുരസ്‌കാരം ഹൗബം പബന്‍കുമാറിന്. ‘ലോക്തക് ലൈരംബീ’ എന്ന മണിപ്പൂരി ചിത്രമാണ് ഹൗബം പബന്‍കുമാറിനെ 26 ാമത് അരവിന്ദന്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍നിന്ന് 23 ചിത്രങ്ങളാണ് ഇത്തവണ അരവിന്ദന്‍ പുരസ്‌കാരത്തിനായി മത്സരിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജി.അരവിന്ദന്റെ ജന്മദിനമായ മാര്‍ച്ച് 15ന് തിരുവനന്തപുരത്തുവച്ച് സമ്മാനിക്കും.
ആവാസവ്യവസ്ഥയുടെ തകര്‍ച്ചയില്‍ ഭീതിയും അരക്ഷിതത്വവും നിസ്സഹായതയും അനുഭവിക്കുന്ന മനുഷ്യന്റെ പ്രതിരോധത്തിനായുള്ള പിടച്ചില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ലോക്തക് ലൈരംബീ’. വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ വിഭിന്ന ജീവരാശികള്‍ നേരിടുന്ന ഗുരുതരമായ കാലികപ്രശ്നത്തെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. രാജീവ്നാഥ് ചെയര്‍മാനും വിജയകൃഷ്ണന്‍, സണ്ണിജോസഫ്, എന്‍.പി.മുരളീകൃഷ്ണന്‍, ഡാര്‍വിന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.