എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് ഏഷ്യാനെറ്റ് ന്യൂസിന്റെ കീര്‍ത്തിമുദ്ര പുരസ്‌കാരം. സാഹിത്യ രംഗത്തെ യുവപ്രതിഭയ്ക്കുള്ള പുരസ്‌കാരമാണ് സുഭാഷ് ചന്ദ്രന് ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ 20ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണു സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച യുവ പ്രതിഭകളെ കീര്‍ത്തിമുദ്ര പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനായ സുഭാഷ് ചന്ദ്രന്‍ ആലുവക്കടുത്ത് കടുങ്ങലൂര്‍ സ്വദേശിയാണ്. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം,പറുദീസാനഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം (ചെറുകഥസമാഹാരങ്ങള്‍), മനുഷ്യന് ഒരു ആമുഖം (നോവല്‍), മധ്യേയിങ്ങനെ കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ (അനുഭവക്കുറിപ്പുകള്‍) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. സുഭാഷ്ചന്ദ്രന്റെ കഥകളെല്ലാം സമാഹരിച്ച കഥകള്‍: സുഭാഷ് ചന്ദ്രന്‍ എന്ന പുസ്തകവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അങ്കണം ഇ പി സുഷമ അവാര്‍ഡ്, എസ് ബി ടി അവാര്‍ഡ്, വി പി ശിവകുമാര്‍ കേളി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, ഫൊക്കാന പുരസ്‌ക്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ സുഭാഷ് ചന്ദ്രനെ തേടിയെത്തിയിരുന്നു.
എം.മുകുന്ദന്‍, സാറാ ജോസഫ്, ഡോ. കെ.എസ്.രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് സുഭാഷ് ചന്ദ്രനെ തെരഞ്ഞെടുത്തത്. പരിസ്ഥിതി വിഭാഗത്തിലെ പുരസ്‌കാരം അഡ്വ. ഹരീഷ് വാസുദേവനും കാര്‍ഷിക മേഖലയിലെത് സിബി കല്ലിങ്കലിനും സംഗീതത്തില്‍ വൈക്കം വിജയലക്ഷ്മിക്കുമാണ് ലഭിച്ചത്. രാഷ്ട്രീയം, കായികം എന്നീ മേഖലകളിലും യുവപ്രതിഭകള്‍ക്കു കീര്‍ത്തിമുദ്ര പുരസ്‌കാരം നല്‍കും. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണു പുരസ്‌കാരം.
The post സുഭാഷ് ചന്ദ്രന് കീര്‍ത്തിമുദ്ര പുരസ്‌കാരം appeared first on DC Books.