
ഒ.വി. വിജയൻ സ്മാരക സമിതിയുടെ 2023-ലെ സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട്
പുസ്തകങ്ങൾക്ക് അംഗീകാരം. കഥാപുരസ്കാരം കെ.പി. രാമനുണ്ണിക്ക് ലഭിച്ചു. നോവൽ പുരസ്കാരത്തിന് വി. ഷിനിലാലും യുവകഥാ പുരസ്കാരത്തിന് ജിൻഷ ഗംഗയും അർഹരായി. ഹരികൃഷ്ണൻ തച്ചാടനാണ് യുവകഥാ പുരസ്കാരത്തിനുള്ള പ്രത്യേക ജൂറി പരാമർശം.
കെ.പി. രാമനുണ്ണിയുടെ ‘ശരീരദൂരം’(പ്രസാധനം – ഡി സി ബുക്സ് ), ‘ഹൈന്ദവം’ എന്നീ കൃതികൾക്കാണ് അവാർഡ്. വി. ഷിനിലാലിന്റെ നോവൽ ‘124’(പ്രസാധനം – ഡി സി ബുക്സ് ), ജിൻഷ ഗംഗ രചിച്ച ‘തേറ്റ’ എന്ന കഥയുമാണ് പുരസ്കാരത്തിനർഹമായത്. ഹരികൃഷ്ണന്റെ ‘പാത്തുമ്മയുടെ വീട്’ ആണ് പ്രത്യേക ജൂറി പരാമർശം നേടിയ കഥ.
കഥ, നോവൽ എന്നീ വിഭാഗത്തിൽ 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും യുവകഥയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
ജൂലൈ രണ്ടിന് ഒ.വി. വിജയന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി സജിചെറിയാൻ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് സ്മാരകസമിതി ചെയർമാൻ ടി.കെ. നാരായണദാസ്, സെക്രട്ടറി ടി.ആർ. അജയൻ, ഖജാൻജി സി.പി. പ്രമോദ് എന്നിവർ അറിയിച്ചു.
The post ഒ വി വിജയൻ സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു first appeared on DC Books.