കൊല്ലം: എ.പി.കളയ്ക്കാട് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ.ആര്‍.മീരയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.ആര്‍.മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ.സി.ഉണ്ണിക്കൃഷ്ണന്‍, ഡോ.സനല്‍കുമാര്‍, ഡോ.ആര്‍.എസ്.രാജീവ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. സാമൂഹ്യപുരോഗതി എന്നത് നിലവിലുള്ള അധീശത്വത്തെ ആദരിച്ചും അംഗീകരിച്ചും കൊണ്ടുള്ള മുന്നേറ്റമാണെന്ന സാമ്പ്രദായിക വിശ്വാസത്തെ ചോദ്യം ചെയ്യുന്ന രചനകളാണ് കെ.ആര്‍.മീരയുടേതെന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി നിരീക്ഷിച്ചു. ആണ്‍കോയ്മയില്‍ പടുത്തുയര്‍ത്തപ്പെട്ട സാമൂഹ്യ സ്ഥാപനങ്ങള്‍ക്കെതിരെ പോരാട്ടം നയിച്ച ബൈബിളിലെ ജെസബലിനെപ്പോലെ ഈ ജനാധിപത്യ കാലഘട്ടത്തില്‍ ഒരു പുതിയ ജെസബലിനെ മീര സൃഷ്ടിച്ചിരിക്കുന്നു. ഏറ്റവും പുതിയ ആവിഷ്‌കരണ മാതൃക കൊണ്ട് കെ.ആര്‍.മീര മലയാള നോവലിന് പുതിയ ശക്തിയും ചൈതന്യവും പ്രദാനം ചെയ്യുന്നുവെന്നും സമിതി അഭിപ്രായപ്പെട്ടു.
ഫെബ്രുവരി എട്ടാം തീയതി കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ മുന്‍ എം.പി. പി.രാജീവ് പുരസ്‌കാരം സമ്മാനിക്കും.